പറത്താനം: എരുമേലി-പൂഞ്ഞാർ സംസ്ഥാന പാതയിൽ പറത്താനം ഷാപ്പിൻപടിക്ക് സമീപം റോഡിന്റെ വശം ഇടിഞ്ഞ് താഴ്ന്നത് അപകടഭീഷണി ഉയർത്തുന്നു. റോഡിന് വീതി കുറഞ്ഞ ഭാഗത്താണ് വലിയ തോതിൽ വശത്തെ തിട്ട ഇടിഞ്ഞിരിക്കുന്നത്.
വളവിനോട് ചേർന്നുള്ള ഭാഗമായതിനാൽ ഇതുവഴി കടന്നുപോകുന്ന വാഹന ഡ്രൈവർമാർ ഇത് ശ്രദ്ധിക്കാതിരിക്കുകയും അപകടങ്ങൾ സംഭവിക്കാനുള്ള സാധ്യതയും ഏറെയാണ്.
ഒരേ സമയം ഇരുവശങ്ങളിൽനിന്നും വാഹനങ്ങൾ എത്തിയാൽ സൈഡ് കൊടുക്കാൻപോലും ഇടമില്ലാത്ത ഭാഗമാണ് ഇടിഞ്ഞിരിക്കുന്നത്. റോഡിന്റെ വശം ഇടിഞ്ഞ ഭാഗത്ത് കാടുകയറി മൂടിക്കിടക്കുന്നതിനാൽ ഡ്രൈവർമാരുടെ ശ്രദ്ധയിൽപെടില്ലെന്നതും അപകടസാധ്യത ഇരട്ടിയാക്കുന്നു. രാത്രികാലങ്ങളിൽ സഞ്ചരിക്കുന്ന വാഹന ഡ്രൈവർമാർക്കും വഴിപരിചയമില്ലാത്തവർക്കുമാണ് കൂടുതൽ അപകടഭീഷണി ഉയർത്തുന്നത്.
ഇതിന് തൊട്ടടുത്തുള്ള കൊടുംവളവിലെ കലുങ്കിന് സംരക്ഷണഭിത്തിയില്ല എന്നതും മറ്റൊരു പ്രതിസന്ധിയാണ്. മുന്പും നിരവധി വാഹനങ്ങൾ നിയന്ത്രണംവിട്ട് കലുങ്കിന്റെ കുഴിയിലേക്ക് ചാടി അപകടങ്ങൾ ഉണ്ടായിട്ടുണ്ട്. കാൽനടയാത്രക്കാരും സ്കൂൾ കുട്ടികളും ഉൾപ്പെടെ വലിയ ഭീതിയോടെയാണ് ഇതുവഴി കടന്നുപോകുന്നത്. അപകടഭീഷണിയുള്ള ഈ ഭാഗത്ത് അടിയന്തരമായി മുന്നറിയിപ്പ് ബോർഡുകളും റിഫ്ലക്ടറുകളും സ്ഥാപിക്കണമെന്നും റോഡിന്റെ വശം കെട്ടി സുരക്ഷ ഉറപ്പാക്കണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു.